Pages

Friday 28 April 2017

താക്കാളിപോലെ, ചുവന്ന് തുടുത്ത നമ്മടെ ഹൃദയങ്ങൾ

നിനക്കിപ്പോൾ ഭൂമിയുടെ,
ഏത് തുമ്പിലുമിരുന്ന്..
കണ്ണാ...' എന്നെന്നെ നീട്ടിവിളിക്കാം.
കാതിൽ നിന്ന് കാതിലേക്ക്,
കടലിരമ്പങ്ങളെ എനിക്കിന്ന് പ്രസാരിപ്പിക്കയുമാവാം
ഋതുക്കൾക്ക് മാത്രമറിയാവുന്ന
ഭാഷയിൽ നമുക്കിപ്പോൾ ചുണ്ടുകോർത്തിരിക്കാം..
നമ്മടെ മാത്രം രാത്രികളിൽ,
രണ്ടു വൻകരകളിലിരുന്ന് പരസ്പരം, നുണപൊട്ടിച്ചു ചിരിക്കാം.
ചുവന്ന ആകാശത്തിലേക്ക്
ധപ്..ധപ്.. ധപ്.. എന്ന് പറന്നുപോകുന്ന..
മിന്നാമിന്നിക്കൂട്ടങ്ങളെ
ഇടവേളകളിൽ 72 എന്നും എണ്ണിയെടുക്കാം..
കാരണം,,
താക്കാളിപോലെ,
ചുവന്ന് തുടുത്ത നമ്മയുടെ ഹൃദയങ്ങൾ..
 ഒരൊറ്റ മഞ്ഞുതുള്ളിക്കീറിനാൽ ഇപ്പോൾ
കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു...

Thursday 16 March 2017

ഒരു സെൽഫി ഉണ്ടായതിനെക്കുറിച്ച്‌.

കാക്ക കുളിച്ചാൽ
കൊക്കാകില്ലെന്നു പറയുന്നവരുടെ കാലത്ത്
തെരുവിൽ പിറന്നുവീണ കുട്ടി
തൊണ്ട കീറി കരയുന്നു.
കടത്തിണ്ണയിലപ്പോൾ ഒരു പെണ്ണ്
ചോരകൊണ്ടു ചിത്രം വരയ്ക്കുന്നു;
മനുഷ്യരപ്പോൾ അതിനെചൂണ്ടി ഭ്രാന്തിയെന്ന് കുരയ്ക്കുന്നു.
തൊട്ടടുത്ത നിമിഷത്തിൽ
കോർപറേറ്റ് മുദ്രയുള്ള വസ്ത്രമണിഞ്ഞ
കാവൽക്കാർ പാഞ്ഞു വരുന്നു;
തള്ളയും കുട്ടിയും റോഡിൽ ചളിയിൽ തെറിച്ചു വീഴുന്നു.
രണ്ട്
തെരുവിലേക്കപ്പോൾ
ഒരു സന്യാസി നടന്നുവരുന്നു..
' യേശു' എന്നൊരുസഘം വിളിച്ചു കൂവുന്നു.
'രാമൻ, ബുദ്ധൻ,പ്രവാചകൻ, ഗാന്ധി'
"കൊല്ലടാ.... ആ കള്ളനായിന്റെ മോനെ.."
അവർ പരസ്പരം അങ്കം വെട്ടുന്നു
(ഭ്രാന്തിയിപ്പോൾ റോഡിൽ ചളിയിൽ ചിത്രം വരക്കുന്നു)
വന്നത് സന്യാസിയോ, വികാരിയൊ ആരുമാകട്ടെ
ആണോ?
പെണ്ണോ?
എന്നതർക്കത്തിൽ മനുഷ്യർ മുഷ്ട്ടി ഉയർത്തിസഖ്യംചേരുന്നു...
സംഘം ചേർന്നവർ ദൈവത്തിന്റെ തുണിയുരിയുന്നു....
(അപ്പോൾ റോഡിൽ ചളിയിൽ സ്വയംവരച്ച ചിത്രത്തിൽ
അതേ ഭ്രാന്തി വിറങ്ങലിച്ചു കിടക്കുന്നു.
അരികിലതിന്റെ കുഞ്ഞ് തൊണ്ടകീറുന്നു;
അതിനൊപ്പം ചിലർ ഒരു സെൽഫിയെടുക്കുന്നു)

അതെ പെണ്കുട്ടികളെല്ലാവരും തിരക്കിലാണ്

ഒരു പെൺകുട്ടിയിപ്പോൾ
വർണകടലാസിലെ മധുരം കാത്ത്
മുറ്റത്തിരുന്നു കളിക്കുന്നുണ്ടാവും.
ഒരു പെൺകുട്ടിയിപ്പോൾ
ഗ്രാമത്തിലെ തന്റെ
ഒറ്റമുറിവീട്ടിലിരുന്നു കയർ പിരിക്കയാവും.
ഒരു പെണ്കുട്ടിയിപ്പോൾ
ആൾവസമില്ലാത്തൊരു തുരുത്തിൽ
തനിക്കുറങ്ങാൻ പാകത്തിന് ഒരു മരപ്പൊത്തുതിരയുകയാവും.
ഒരു പെണ്കുട്ടിയിപ്പോൾ
ഒരു തോൾസഞ്ചി നിറയെ
(ഉരുണ്ട് നീളത്തിൽ )
മാരകായുധങ്ങളുമായി നടക്കുന്നുണ്ടാവും.
ഒരു പെണ്കുട്ടിയിപ്പോൾ
കോരപാപ്പന്*
വിശുദ്ധിയുടെ ആദ്യഅത്താഴം
വിളമ്പുന്നുണ്ടാവും.
(Nb കോരപാപ്പൻ: ഫ്രാൻസിസ് ഇട്ടിക്കൊര'
നോവലിലെ ഒരു കഥാപാത്രം)

Saturday 25 February 2017

ഒറ്റക്ലിക്ക്

'ഹൃദയങ്ങൾ ഇന്റർനെറ്റ്പോലെ,
കണക്റ്റ് ചെയ്യണം.
എപ്പോൾ വേണേലും എവിടെയിരുന്നും..
കാണാം കേൾക്കാം.
ഉമ്മവയ്ക്കാം.. ഹോ!
ചിന്തയുടെ ഒറ്റക്ലികുനിറയെ
ഹൃദയങ്ങൾ...
ഹൃദയങ്ങൾ
ഹൃദയങ്ങൾ..

തിടുക്കപ്പെട്ട് ഇറങ്ങിപ്പോയ ഒരു രത്രിയെക്കുറിച്ച്

തലച്ചോറൊരു ഒറ്റപ്പെട്ടകാടാണെന്ന് 
നീ പറഞ്ഞു നിര്‍ത്തിയ രാത്രി, 
പകുതിയിലേക്കെത്തുമ്പോള്‍ 
ഒാര്‍മ്മമരങ്ങള്‍ ഇലപൊഴിക്കുന്നതായി സ്വപ്നം കണ്ട് 
ഞാന്‍ ഞെട്ടിയുണരുന്നൂ. 
ഇപ്പോഴൊരില വാരിയെല്ല് തകര്‍ത്തെന്റെ, 
നെഞ്ചിലൊട്ടുന്നൂ.. ശൂന്യത!!
കാതില്‍ കടലിരമ്പുന്നു.. 
കണ്ണുകള്‍ക്ക് ഭാരം കൂടുന്നൂ.. 
കലങ്ങിമറിയുകയാണുള്ളില്‍ നീ.. 
ശ്വാസം നിലക്കുന്നൂ..
ഉച്ചത്തില്‍ അലറിവിളിക്കുന്നുണ്ട് ഞാന്‍.. 
പക്ഷേ, ഉപ്പുതരികള്‍ ചിതറിവീഴുന്ന ശബ്ദം മാത്രം! 
ചുമച്ച്.. ചുമച്ച് കരിമണ്ണുതുപ്പുന്നു. 
ഒടുവിൽ.. 
കടൽ.. കടൽ.. കടലെന്നു പറഞ്ഞ് നിലത്തു വീഴുന്നു.

Saturday 21 March 2015

ഒരു ലോഡ്-ഷെഡിങ്ങ് കാലത്ത്!

അങ്ങനെ 
നടന്നുകൊണ്ടിരിക്കെ ,
വെളിച്ചമില്ലാത്ത ഒരു 
വൻകരയിൽ നാമെത്തിപ്പെടും !
ഇരുളുകൂനയാക്കി തീകൊളുത്താമെന്നു-
പറഞ്ഞു നീ തീ തേടിപ്പോവുകയും
ഇരുള് കൂടിക്കിടക്കുന്ന ഒരു കോണിലേയ്ക്ക്, 
ഞാൻ തപ്പിത്തടയുകയും ചെയ്യന്ന
കഥയുടെ അന്ത്യത്തിൽ ..
കണ്ണുകൾക്ക്‌ പ്രഹരമേൽപ്പിച്ച്
മുറിയിലെ ട്യൂബ്-ലൈറ്റ്
പല്ലിളിക്കയും ,
പോയ കറണ്ട് തിരിച്ചുവന്നതായി
ഞാൻ തിരിച്ചറിയുകയും ചെയ്യുന്നു !

ആദ്യത്തേത്, അവസാനത്തെയും!

ഉച്ചിയിലെത്തിയാൽ ആകാശം തൊടാവുന്ന ആ കുന്നിൽ വച്ചു ,
ഞാനാദ്യമായി ചുംബനങ്ങളേറ്റുവാങ്ങുന്നു . 

>പതിയെ ചിരച്ചുവന്ന കാറ്റെന്റെ കണ്ണുകളെ 
ഉമ്മവച്ചു തളർത്തുന്നു ,

>കവിളുകളുമ്മവച്ച് തണുപ്പിച്ചു-
മേഘങ്ങളും കടന്നുപോവുന്നു 

>ഒടിവിൽ ആകാശത്തിന്റെ നീലചച്ചുണ്ടുകൾ 

എന്നിലേയ്ക്ക് നീളുന്നു ..
ഞാൻ കണ്ണുകളടയ്ക്കുന്നു . .

എല്ലറ്റിനും അവസാനം കണ്ണുതുറക്കുമ്പോൾ, 

ഞാൻ ഒരു പല്ലുമുളയ്ക്കാത്ത കുഞ്ഞായി . . മോണകാട്ടിച്ചിരിക്കുന്നു!

Followers